എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കി എന്‍സിപി ദേശീയ നേതൃത്വം. പാലാ ഉള്‍പ്പടെ നാല് സീറ്റില്‍ മത്സരിക്കുമെന്നും എന്‍സിപി അഖിലേന്ത്യാ നേതൃത്വം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നും എന്‍സിപി നേതാവ് പ്രഭുല്‍ പട്ടേല്‍ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു പ്രഭുല്‍ പട്ടേലിന്റെ പ്രതികരണം. മുന്നണി മാറേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രഫുല്‍ പട്ടേല്‍ അറിയിച്ചത്.
ശരത് പവാറിന്റെ വസതിയില്‍ നടന്ന എന്‍സിപി നേതാക്കളുടെ യോഗത്തിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപ്രതീക്ഷിതമായി എത്തി. പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പവാര്‍ യെച്ചൂരിയെ അറിയിച്ചിട്ടുണ്ട്. തോറ്റ പാര്‍ട്ടിക്ക് സീറ്റു നല്‍കേണ്ടതില്ലെന്നാണ് പവാര്‍ യെച്ചൂരിയോട് പറഞ്ഞത്.
എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന് മാസ്റ്റര്‍, മന്ത്രി എകെ ശശീന്ദ്രന്, മാണി സി കാപ്പന് എന്നിവര്‍ ശരത് പവാര്‍ ഉള്‍പ്പെടെ നേതാക്കളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിട്ടുവീഴ്ചകള്‍ ആകാമെന്നും എല്‍ഡിഎഫില്‍ തുടരണമെന്നുമുള്ള അഭിപ്രായമാണ് ശശീന്ദ്രന് പങ്കുവെച്ചത്. പീതാംബരന് മാസ്റ്ററും നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാല്‍ പാലാ സീറ്റ് തന്നെ വേണമെന്ന നിലപാട് മാണി സി കാപ്പന് ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. .
എല്‍ഡിഎഫില്‍ തുടരുന്നതാണ് പാര്‍ട്ടിക്ക് ഗുണകരമെന്ന് എന്‍സിപി നേതൃയോഗം വിലയിരുത്തി. പാലാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാന്‍ തന്നെയാണ് തീരുമാനം. അതേ സമയം പാര്‍ട്ടിക്ക് പാലാ സീറ്റ് അനുവദിച്ചില്ലെങ്കില്‍ വിജയസാധ്യതയുള്ള മറ്റൊരു സീറ്റും രാജ്യസഭാ സീറ്റും വേണമെന്ന നിലപാടും എന്‍സിപിക്കുണ്ട്. കേരളത്തില്‍ നടക്കുന്ന തുടര്‍ ചര്‍ച്ചകളില്‍ ഇതും ഉയര്‍ന്നുവരും.
content highlights: NCP will continue in LDF