പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വില്ലേജ് ഓഫീസര്‍ ചെയ്യണ്ട ജോലി മുഖ്യമന്ത്രി എന്തിനു ചെയ്യണം എന്നായിരുന്നു ആക്ഷേപം. ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ ധൂര്‍ത്തായി പ്രചരിപ്പിച്ചു. സിപിഎമ്മുകാര്‍ പലയിടത്തും ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി. കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. അദ്ദേഹം പറഞ്ഞു.
ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി ലംഘിച്ചു. അദാലത്തിൽ പങ്കെടുത്ത മന്ത്രിമാർക്ക് കൊവിഡ് ബാധിച്ചു. ജനസമ്പർക്ക പരിപാടിക്ക് പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അവാർഡ് ലഭിച്ചപ്പോൾ സിപിഎമ്മിന്റെ അസഹിഷ്ണുത മൂർധന്യത്തിലെത്തി. ജനസമ്പർക്ക പരിപാടി തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി യുഎൻ ആസ്ഥാനത്തേക്ക് ആയിരക്കണക്കിനു പരാതികളയച്ചു കേരളത്തെ നാണംകെടുത്തി. അവാർഡ് ദാനം ബഹ്റൈനിൽ വച്ചായിരുന്നതിനാൽ കരിങ്കൊടിയുമായി അവിടെ എത്താനായില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയ തന്നെ വഴിനീളെ കരിങ്കൊടി കാട്ടിയാണ് സ്വീകരിച്ചത്.
2011, 2013, 2015 എന്നീ വർഷങ്ങളിലായി നടത്തിയ മൂന്നു ജനസമ്പർക്ക പരിപാടികളിൽ 11,45,449 പേരെയാണ് നേരിൽ കണ്ടത്. 242.87 കോടി രൂപ വിതരണം ചെയ്തു. നാലു തവണ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ മൊത്തം 11,87,600 പേരെയാണ് നേരിൽ കണ്ടത്. പാവപ്പെട്ടവർ, നിന്ദിതർ, പീഡിതർ, രോഗികൾ, നീതി നിഷേധിക്കപ്പെട്ടവർ, ആർക്കും വേണ്ടാത്തവർ, വോട്ടർ പട്ടികയിൽ പേരില്ലാത്തവർ അങ്ങനെയുള്ളവരായിരുന്നു അവരേറെയും. വ്യക്തിഗത പ്രശ്നങ്ങൾ പരിഹരിച്ചതോടൊപ്പം ജില്ല നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും പ്രഖ്യാപിച്ചു. അതു നടപ്പാക്കാൻ തുടർ യോഗങ്ങളും നടത്തി. കേരളത്തെ കാലോചിതമാക്കിയ നടപടികളായിരുന്നു അവയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
content highlights: Oommen Chandy against Ministers’ adalats