തൊഴില്‍ തട്ടിപ്പ്: മുഖ്യ ആസൂത്രക സരിതയെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്

solar case 6 years imprisonment for saritha s nair

തൊഴില്‍ തട്ടിപ്പിലെ മുഖ്യ ആസൂത്രക സരിത എസ് നായരെന്ന് കേസിലെ ഒന്നാം പ്രതി രതീഷ്. തട്ടിപ്പിലെ പണം ലഭിച്ചത് സരിതക്കാണെന്നും വ്യാജ നിയമന ഉത്തരവുകള്‍ ഉണ്ടാക്കിയത് സരിതയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രതീഷ് പറയുന്നു. തൊഴില്‍ തട്ടിപ്പില്‍ താനും ഇരയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാംപ്രതി രതീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

സരിതയുടെ സഹായത്തിലൂടെ സര്‍ക്കാര്‍ ജോലി ലഭിക്കുമെന്ന് രണ്ടാം പ്രതി ഷാജു ആണ് തന്നോട് ആദ്യം പറയുന്നത്. ഇതനുസരിച്ച് താന്‍ മൂന്നര ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഷാജുവിന്റെ സുഹൃത്തും കേസിലെ പരാതിക്കാരനുമായ അരുണടക്കമുള്ളവര്‍ പണം നല്‍കിയത്. പണം കൈമാറി ഏറെ നാളുകള്‍ക്ക് ശേഷവും ജോലി ലഭിക്കാതായതോടെ ഷാജുവിനെ സമീപിച്ചു. അപ്പോഴാണ് സരിതയാണ് തട്ടിപ്പിലെ മുഖ്യ ആസൂത്രകയെന്ന് മനസിലാക്കിയതെന്ന് രതീഷ് വിശദീകരിക്കുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട പണം സരിതയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നും ബെവ് കോ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ നിയമന ഉത്തരവുകള്‍ തയ്യാറാക്കിയത് സരിതയാണെന്നും ഷാജു തന്നോട് പറഞ്ഞതായും രതീഷ് പറഞ്ഞു.

നിലവില്‍ സി.പി.ഐ കുന്നത്തുകാല്‍ പഞ്ചായത്തംഗമാണ് രതീഷ്. രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരത്തെ കോടതി തള്ളിയിരുന്നു. കേസില്‍ പ്രതികളെ വെട്ടിലാക്കുന്ന തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രതീഷ് മലക്കം മറിഞ്ഞിരിക്കുന്നത്.

Content Highlight: Job fraud: Ratheesh, the first accused in the case, says Saritha is the main planner