കോടതിയുടെ സമയം പാഴാക്കി; രാഹുലിനെതിരെയുള്ള സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: വയനാട് തെരഞ്ഞെടുപ്പില്‍ മത്സരിച്ച രാഹുല്‍ ഗാന്ധിക്കെതിരെ സോളാര്‍ കേസ് പ്രതിയായിരുന്ന സരിത നായര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിലെ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്. കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയ പരാതിക്കാരി സരിത എസ് നായര്‍ക്കെതിരെ ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

വയനാട് സീറ്റില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സരിത നായര്‍ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കാനും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാന്‍ സരിത നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസിലെ പ്രതിയെന്ന് കാണിച്ച് നാമനിര്‍ദ്ദേശ പത്രിയ തള്ളിയതിന് പിന്നാലെയായിരുന്നു ഹര്‍ജി.

എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. കോടതി നടപടികള്‍ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. ആരു ഹാജരാകാതെ വന്നതോടെയാണ് കേസ് തള്ളിയതായി സുപ്രീംകോടതി വിധി പ്രസ്താവിച്ചത്.

Content Highlight: Supreme Court Rejected Saritha Nair’s Case against Rahul Gandhi