തിരുവനന്തപുരം: മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കേണ്ടന്ന മുന്‍തീരുമാനം കര്‍ശനമായി നടപ്പാക്കാന്‍ സി പി ഐയില്‍ ധാരണ. പിണറായി സര്‍ക്കാറിലെ മൂന്ന് മന്ത്രിമാര്‍ക്ക് ഇതുപ്രകാരം സീറ്റ് ലഭിച്ചേക്കില്ല. രണ്ട് തവണ മാത്രം പൂര്‍ത്തിയാക്കിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖര്‍ മാത്രം വീണ്ടും ജനവിധി തേടും. കാഞ്ഞങ്ങാട് സീറ്റില്‍ തന്നെയാകും അദ്ദേഹം പോരിന് ഇറങ്ങുക. മത്സരിക്കാന്‍ സന്നദ്ധരാണെന്ന് പല പ്രമുഖരും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ഇളവുകള്‍ വേണ്ടന്ന് പൊതുതീരുമാനം തന്നെ അംഗീകരിക്കപ്പെടുകയായിരുന്നു.
ഭക്ഷ്യമന്ത്രി പി തിലോത്തമന് (ചേര്‍ത്തല), കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ (തൃശൂര്‍), വനംമന്ത്രി കെ രാജു (പുനലൂര്‍), എന്നിവര്‍ക്ക് പുറമെ മുന്‍മന്ത്രിമാരായ സി ദിവാകരന് (നെടുമങ്ങാട്), മുല്ലക്കര രത്നാകരന് (ചടയമംഗലം), പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ എന്നിവര്‍ക്ക് ഇനി അവസരം നല്‍കേണ്ടെന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട് .
പാര്‍ട്ടിക്ക് ഇപ്പോഴുള്ള 17 എം എല്‍ എമാരില്‍ 11 പേര്‍ക്ക് വീണ്ടും മത്സരിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ ഇവരില്‍ ചിലരെ മാറ്റാനും നീക്കമുണ്ട്. നാദാപുരത്ത് ഇ കെ വിജയന് രണ്ട് തവണ മാത്രമാണ് മത്സരിച്ചതെങ്കിലും ഇവിടെ ഒരു യുവസ്ഥാനാര്‍ഥി വരുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. എന്നാല്‍ ഇ കെ വിജയന് തന്നെ സീറ്റ് നല്‍കണമെന്ന ആവശ്യവും ശക്തമാണ്.
Content Highlights: Three time contestants have no concessions in assembly election – Kanam Rajendran