ഫുട്‌ബോള്‍താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു

Kerala's first female footballer and coach Fousiya Mambatta passed away

ഫുട്ബോൾ പരിശീലക ഫൗസിയ മാമ്പറ്റ (52) അന്തരിച്ചു. കേരളത്തിലെ ആദ്യകാല വനിതാ ഫുട്ബോൾ താരങ്ങളിലൊരാളും ആദ്യ വനിതാ ഫുട്ബോൾ പരിശീലകയുമാണ് കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ഫൗസിയ. പെൺകുട്ടികൾ കോളജിൽ പോകുന്നതുപോലും ഉൾക്കൊള്ളാൻ കഴിയാതിരുന്ന കാലത്തു ഫുട്ബോൾ താരമായി മാറിയയാളാണു ഫൗസിയ.

കോഴിക്കോട് നടക്കാവ് സ്‌കൂളിലെ ഫുട്‌ബോള്‍ ടീം പരിശീലകയായിരുന്നു. ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോളില്‍ കേരളത്തിന്റെ ഗോള്‍കീപ്പറായിരുന്നു. 2013ൽ സംസ്ഥാന സ്കൂൾ ഗെയിംസിൽ ആദ്യമായി പെൺകുട്ടികളുടെ ഫുട്ബോൾ മത്സരയിനമാക്കിയതിനു പിന്നിൽ ഫൗസിയയാണു പ്രവർത്തിച്ചത്.

നടക്കാവ് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് കായികരംഗത്തെത്തുന്നത്. തുടക്കം ഹാന്‍ഡ്‌ബോളിലായിരുന്നു. ഹാൻഡ്ബോളിൽ സംസ്ഥാന ടീം അംഗമായി മാറി. തുടർന്ന് വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഹോക്കിയിലും ജൂഡോയിലും മാറ്റുരച്ച ഫൗസിയ ചുവടുറപ്പിച്ചത് ഫുട്ബോളിലാണ്. 2002 മുതൽ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ കോച്ചായി പ്രവർത്തനം തുടങ്ങി. 2003ൽ നടക്കാവ് സ്കൂളിലെ പരിശീലകയായി മാറി. 2016ൽ കാൻസർ ബാധിതയായെങ്കിലും ഇച്ഛാശക്തി കൊണ്ട് ഫുട്ബോൾ മൈതാനത്തേക്ക് അവർ തിരിച്ചെത്തിയിരുന്നു.

content highlights: Kerala’s first female footballer and coach Fousiya Mambatta passed away