കേരളം കൊവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രതിരോധത്തിന് ശാസ്ത്രീയമായി ഇടപെടാന്‍ സാധിച്ചു. ടെസ്റ്റ് നിരക്ക് കുറവാണെന്ന് പറയുന്നത് വസ്തുതാപരമായി ശരിയല്ല. ടെസ്റ്റ് പെര് മില്യണ്‍ എടുത്താലും കേരളം ഒന്നാമതാണ്. കേസുകള്‍ കൂടിയാലും മരണനിരക്ക് കുറയ്ക്കാന്‍ സാധിച്ചു. ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും കൊവിഡ് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്. ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
വീണ്ടും കേസുകളുടെ എണ്ണം കുറഞ്ഞു. മരണവും കുറഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ 0.5 ശതമാനം ആയിരുന്നു മരണ നിരക്ക്. ജൂലൈ മാസത്തില്‍ 0.7 ശതമാനം ആയി. ഇതുവരെ മരണനിരക്ക് ഒരുശതമാനത്തില്‍ അധികമായില്ല. കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും മരണനിരക്ക് ഉയര്‍ന്നിട്ടില്ല. കൂടുതല്‍ നിയന്ത്രണം പാലിക്കാന്‍ സംസ്ഥാനം നടപടി ക്രമങ്ങളെടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഡബ്ലുഎച്ച്ഒ സംസ്ഥാനം ശാസ്ത്രീയമായി കൊവിഡിനെ നേരിടുന്നുവെന്ന് പ്രശംസിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി. മാസ്ക് കൃത്യമായി ധരിക്കണമെന്നും കൈകള്‍ ഇടവേള വിട്ട് സാനിറ്റൈസ് ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. കേരത്തില്‍ 80ശതമാനത്തിലേറെ ജനങ്ങളും ഇത് പാലിച്ചതുകൊണ്ടാണ് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.
content highlights: Health Minister KK Shailaja’s response on the covid situation in Kerala