കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏർപ്പെടുത്തി കൂടുതൽ സംസ്ഥാനങ്ങൾ; തമിഴ്‌നാട്ടിലും ബംഗാളിലും നിയന്ത്രണം

West Bengal makes RT-PCR tests mandatory for arrivals from Kerala, 3 other states

കേരളം ഉള്‍പ്പെടെ കോവിഡ് വ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രികര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് തമിഴ്‌നാട് ഒരാഴ്ച ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വിമാനത്തില്‍ എത്തുന്നവര്‍ നിര്‍ബന്ധമായും ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കര്‍ശനമായ പരിശോധന ആരംഭിച്ചു. ഊട്ടിയില്‍ ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഊട്ടിയില്‍ എത്തുന്നവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതേണ്ടിവരും.

കേരളത്തില്‍നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കേരളം, മഹാരാഷ്ട്ര, തെലങ്കാന, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന് ബംഗാള്‍ നിര്‍ദേശിച്ചു. ശനിയാഴ്ച ഉച്ചയ്ക്കു 12 തൊട്ട് ഉത്തരവ് പ്രാബല്യത്തില്‍ വരും. 72 മണിക്കൂര്‍ മുമ്പ് ആര്‍ടി പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ വിമാനത്തില്‍ ബംഗാളില്‍ ഇറങ്ങാന്‍ കഴിയു. നേരത്തേ കര്‍ണാടക, ഉത്തരാഖണ്ഡ്, മഹാരാഷ്ട്രം ഡല്‍ഹി സര്‍ക്കാരുകളും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

content highlights: West Bengal makes RT-PCR tests mandatory for arrivals from Kerala, 3 other states