സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് പുനര്‍നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച ആരംഭിക്കും. മാനേജ്മെന്റുകളുടെ ഇടപെടലിനെത്തുടര്‍ന്ന് തടസ്സപ്പെട്ടിരിക്കുന്ന 2017-’18 മുതല്‍ 2020-’21 അധ്യയനവര്‍ഷം വരെയുള്ള ഫീസാണ് സമിതിക്കു പുനര്‍നിര്‍ണയിക്കേണ്ടത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഫീസ് നിര്‍ണയസമിതി യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ ആലോചിക്കുമെന്ന് അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു പറഞ്ഞു. കോളേജുകളില്‍ നിന്ന് ആവശ്യമായ രേഖകള്‍ വാങ്ങി പരിശോധിച്ച് ഫീസ് നിശ്ചയിക്കാന്‍ സമിതിക്ക് അനുമതി നല്‍കിയാണ് സുപ്രീംകോടതി വിധി വന്നത്.
മാനേജ്‌മെന്റുകളുടെ ഒട്ടുമിക്ക വാദങ്ങളും സുപ്രീംകോടതി നിരാകരിച്ചിട്ടുള്ളതിനാല്‍ നേരത്തേ നിശ്ചയിച്ച ഫീസില്‍ വലിയ വര്‍ധന വരാനിടയില്ല. സമിതി നേരത്തേ നിശ്ചയിച്ച ഫീസാണ് വിദ്യാര്‍ഥികള്‍ നിലവില്‍ നല്‍കിവരുന്നത്. കോടതിയുടെ തീര്‍പ്പിനു വിധേയമായിട്ടായിരിക്കും അന്തിമ ഫീസെന്ന വ്യവസ്ഥയോടെയാണ് പ്രവേശനപരീക്ഷാ കമ്മിഷണര്‍ പ്രവേശനം നല്‍കിയതും. കോളേജ് നടത്തിപ്പുചെലവ് സംബന്ധിച്ച് മാനേജ്മെന്റുകള്‍ നല്‍കുന്ന ബാലന്‍സ്ഷീറ്റിന്റെ അടിസ്ഥാനത്തില്‍ ഫീസ് നിര്‍ണയിക്കണമെന്നായിരുന്നു നേരത്തേ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ബാലന്‍സ് ഷീറ്റില്‍ പറയുന്ന വരവുചെലവുകള്‍ക്ക് ആധാരമായ രസീതുകളും വൗച്ചറുകളും പരിശോധിക്കണമെന്നായിരുന്നു ഫീസ് നിര്‍ണയസമിതിയുടെ നിലപാട്. കോടതിവിധിയിലൂടെ ഈ രേഖകളെല്ലാം പരിശോധിച്ച് യഥാര്‍ഥ ചെലവ് സമിതിക്ക് നിര്‍ണയിക്കാനാകുമെന്നാണ് കരുതുന്നത്.
content highlights: Fees in self financing medical college reconsideration process