കൊവിഡ് വാക്സിൻ സ്വീകരിച്ച് മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും

സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കൊവിഡ് വാക്സിനേഷൻ പുരോഗമിക്കുന്നു. 60 വയസിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിലുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് വാക്സിൻ നൽകുന്നത്.

മന്ത്രിമാരായ കെ.കെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്സിൻ സ്വീകരിച്ചു. സംസ്ഥാനത്ത് മന്ത്രിമാരില്‍ ആദ്യം വാക്സിനെടുത്തത് കടന്നപ്പള്ളി രാമചന്ദ്രനാണ്. കണ്ണൂർ ജില്ലാ ആശുപത്രിയിലായിരുന്നു കുത്തിവെപ്പ്. ആരോഗ്യമന്ത്രി കെ കെ ശൈലജയും ഭർത്താവ് കെ ഭാസ്കരനും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് വാക്സിൻ സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വാക്സിൻ സ്വീകരിക്കുമെന്നാണ് സൂചന. അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യദിനമായ ഇന്നലെ തിരുവനന്തപുരത്ത് മാത്രം 877 പേരാണ് വാക്സിൻ എടുത്തത്. കൊവിൻ പോർട്ടൽ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് രജിസ്ട്രേഷൻ.

Content Highlights; kk shailaja and two other ministers take covid vaccine today