ലൈംഗികാരോപണം; കര്‍ണാടക മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി. നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞ ദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നുമായിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജര്‍ക്കിഹോളിയുടെ പ്രതികരണം. എന്നാല്‍ ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു.

യെദ്യുരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്. ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തെന്നാണ് ആരോപണം.

ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. തനിക്കെതിരായ ആരോപണം സത്യത്തില്‍ നിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാല്‍ ധാര്‍മികത മുന്‍നിര്‍ത്തി രാജിവെക്കുകയാണെന്നുമാണ് രാജിക്കത്തില്‍ ജര്‍ക്കിഹോളി പറഞ്ഞിരിക്കുന്നത്.

content highlights: Karnataka minister Ramesh Jarkiholi resigns after allegations of ‘sex for job scandal’