താജ്മഹലിന് ബോംബ് ഭീഷണി; സ‍ഞ്ചാരികളെ ഒഴിപ്പിച്ചു, പരിശോധന ശക്തമാക്കി

Taj Mahal Briefly Shut, Tourists Evacuated After Bomb Hoax

ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിൽ ബോംബ് ഭീഷണിയെ തുടര്‍ന്ന് സഞ്ചാരികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശം എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ഈ സമയം അവിടെ ഉണ്ടായിരുന്ന സഞ്ചാരികളെ ഒഴിപ്പിച്ചത്. ആയിരക്കണക്കിന് സഞ്ചാരികള്‍ താജ്മഹലിനകത്ത് ഉണ്ടായിരിക്കെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് ഫോണ്‍ കോള്‍ വന്നതെന്നും വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറയുന്നു. താജ്മഹലിലും പരിസരത്തും സി.ഐ.എസ്.എഫ്, ആഗ്ര പോലീസ് സംഘങ്ങള്‍ പരിശോധിക്കുന്നുണ്ട്. ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്ത് എത്തി. വിനോദ സഞ്ചാരികളെ ഒഴിപ്പിക്കുകയും താജ്മഹലിലേക്കുള്ള പ്രധാന വാതിലുകള്‍ അടക്കുകയും ചെയ്തു. ബോംബ് കണ്ടെത്താനുള്ള പരിശോധന പുരോഗമിക്കുകയാണ്‌.

നേരത്തെയും താജ്മഹലില്‍ ബോംബ് സൂക്ഷിച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍ സന്ദേശം എത്തിയിരുന്നു. എന്നാല്‍ പൊലീസും സുരക്ഷാ ഏജന്‍സികളും തിരച്ചില്‍ നടത്തിയെങ്കിലും പിന്നീട് ഇത് വ്യാജമാണെന്ന് തെളിഞ്ഞു. 

content highlights: Taj Mahal Briefly Shut, Tourists Evacuated After Bomb Hoax