കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാത്രിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കും. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചു നടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. നേമത്തും വട്ടിയൂര്‍കാവിലും മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്ന് നിലപാട് വ്യക്തമാക്കും. നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചനകള്‍. നേമത്ത് മത്സരിക്കാനുളള സന്നദ്ധത ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ നേരത്തേ അറിയിച്ചിരുന്നു. സോണിയാഗാന്ധിയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുക. നിലവില്‍ ചില ഉപാധികള്‍ ഉമ്മന്‍ചാണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.
നേമം, വട്ടിയൂര്‍കാവ് രണ്ടിടങ്ങളിലും കോണ്‍ഗ്രസ് വിജയിക്കണം എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. നേമത്തും വട്ടിയൂര്‍കാവിലും കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം സംസ്ഥാനത്താകെ അനുകൂല അന്തരീക്ഷം മുന്നണിക്ക് ഉണ്ടാക്കും എന്നാണ് നിഗമനം. നേമത്തും വട്ടിയൂര്‍കാവിലും സ്ഥാനാര്‍ത്ഥികളായാല്‍ മറ്റുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും ആയി അത് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. വൈകിട്ട് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അര്‍ധരാത്രിയോടെ സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിച്ച് പ്രഖ്യാപിക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചില പേരുകളില്‍ മാറ്റം വന്നിട്ടുണ്ട്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനോ, അപ്രതീക്ഷിത സ്ഥാനാര്‍ഥികളോ വന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്. കല്പറ്റ, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തില്‍ ഉളളവര്‍ക്ക് നല്‍കാനാണ് ധാരണ. ടി.സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.
content highlights: Kerala Assembly Election 2021: Congress candidates list will be announced today