മുരളീധരന്‍ അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ; ഒ. രാജഗോപാലിനെ തള്ളി കുമ്മനം

Kummanam Rajasekharan denied O Rajagopal’s statement on K Muraleedharan

ശക്തനായ നേതാവാണ് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ എന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍. കെ. മുരളീധരന്‍ കരുത്തനായ എതിരാളിയല്ലെന്നാണ് കുമ്മനം പറഞ്ഞത്. കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ച് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന്‍ കെ കരുണാകരന്റെ മകനാണ്. ശക്തമായ രാഷ്ട്രീയ പാരമ്പര്യവും ഉണ്ട്. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാല്‍ പാര്‍ട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാന്‍ കഴിയുമോ എന്ന് അറിയില്ലെന്നും രാജഗോപാല്‍ പറഞ്ഞിരുന്നു.

നേമത്തേക്ക് മുരളീധരന്റെ വരവ് എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുമ്മനം. ‘പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ഒരു തരത്തിലും മുരളീധരന്റെ കടന്നുവരവ് ബാധിക്കില്ല. നേമം മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരൊന്നും മോശക്കാരായിരുന്നില്ല. ബി.ജെ.പിയുടെ വോട്ട് ഷെയര്‍ ഒരു തെരഞ്ഞെടുപ്പിലും കുറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയും എല്ലാവരും കൂടി തലപുകഞ്ഞ് ആലോചിച്ച് ഉണ്ടാക്കിയതാണ് കരുത്തനായ സ്ഥാനാര്‍ത്ഥിയെ. അത് ബിജെപിയെ തോല്‍പ്പിക്കാനാണല്ലോ. അവിശുദ്ധ കൂട്ടുകെട്ടുകളൊന്നും നടക്കില്ല. കരുത്ത് എന്തിന്റെ അടിസ്ഥാനത്തിലാണ്? അത്ര കരുത്തനാണെങ്കില്‍ എം.പി സ്ഥാനം രാജിവെച്ചിട്ട് മത്സരിക്കട്ടെ. ജനങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അതല്ലേ വേണ്ടത്. അപ്പോള്‍ അദ്ദേഹത്തിന് സംശയമുണ്ട്.’ കുമ്മനം പറഞ്ഞു.

വികസനത്തിന്റെ പേരിലാണ് നേമം ഗുജറാത്തെന്ന് പറയുന്നതെന്നും കുമ്മനം പറഞ്ഞു. സിപിഎമ്മിന്റെ വോട്ട് നേടിയാണ് ജയിച്ചതെന്ന് മുരളീധരന്‍ തന്നെ മുമ്പ് സമ്മതിച്ചിട്ടുണ്ട്. ഇതാണോ മുരളീധരന്റെ കരുത്തെന്നും കുമ്മനം ചോദിച്ചു. നേമത്ത് എല്‍ഡിഎഫ് – യുഡിഎഫ് ബാന്ധവം വ്യക്തമാണെന്നും കുമ്മനം ആരോപിച്ചു.

content highlights: Kummanam Rajasekharan denied O Rajagopal’s statement on K Muraleedharan