വോട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കെ മുരളീധരൻ നേമത്ത് അങ്കം കുറിച്ചു. നേമത്തിന്റെ മനസ്സറിഞ്ഞാണ് മുരളീധരന്റെ വോട്ടുതേടൽ. ശബരിമലയും പൗരത്വ ബില്ലും തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുകയാണ് മുരളി. കെ മുരളീധരൻ എത്താൻ പ്രതീക്ഷിച്ചതിലും ഒന്നര മണിക്കൂർ വൈകിയിട്ടും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. മണ്ഡല അതിർത്തിയായ ജഗതിയിലെത്തിയതോടെ ആവേശം അണപൊട്ടി. പിന്നെ മണ്ഡല പര്യടനം. മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുദ്രാവാക്യങ്ങൾ മുരളീധര ശൈലിയിൽ അക്കമിട്ട് നിരത്തി.
“നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ നിങ്ങളുടെ എംഎല്‍എ നിയമസഭയില്‍ കാബറ ഡാന്‍സ് കളിച്ചെന്ന പരാതി ഒരിക്കലും ഞാന്‍ ഉണ്ടാക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യംചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് ഞാന്‍. അതുപോലെ പൌരത്വ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നപ്പോള്‍ വടകരയിലെ എന്‍റെ മണ്ഡലത്തില്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പദയാത്ര നടത്തിയതും ഞാന്‍ തന്നെ ആയിരുന്നു.” എന്നുമാണ് മുരളീധരൻ വ്യക്തമാക്കിയത്.
Content Highlights; k muraleedharan begin campaign in nemam