മാതൃകാ പെരുമാറ്റ ചട്ടം ലംഘിക്കുന്ന ഫ്ളക്സുകളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നീക്കം ചെയ്യാന്‍ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്

department of public administration to remove posters banners from government offices

രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍ക്കാരിന്റേയും ഭരണ നേട്ടം വിശദീകരിക്കുന്ന ഫ്ളക്സുകളും ബാനറുകളും പോസ്റ്റുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നീക്കം ചെയ്യാന്‍ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 26 മുതല്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു. എന്നാല്‍ പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് അനവധി പരാതികളാണ് സര്‍ക്കാരിനു ലഭിക്കുന്നത്.

സര്‍ക്കാര്‍, പൊതുമേഖലാ ഓഫീസുകളിലും അവയുടെ കാമ്പസുകളിലും ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പോസ്റ്റുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിരിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഫ്ളക്‌സുകളെല്ലാം സര്‍ക്കാരിന്റേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേട്ടങ്ങള്‍ വിശദീകരിക്കുന്നവയാണ്. തുടര്‍ന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന പോസ്റ്റുകളും ബാനറുകളും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും കോംമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യാന്‍ പൊതു ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ ഉത്തരവിട്ടത്.

എല്ലാ വകുപ്പ് മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും പൊതുമേഖലാ സ്ഥാപന തലവന്മാര്‍ക്കുമാണ് നിര്‍ദേശം. ഇക്കാര്യത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കി എല്ലാ അനധികൃത ഫ്ളക്‌സുകളും ബാനറുകളും നീക്കം ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

Content Highlights; department of public administration to remove posters banners from government offices