ബോളിവുഡ് താരം ആമിർ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ് ആമിർ ഖാൻ. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. അദ്ദേഹത്തിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് മാനദണ്ഡങ്ങൾ ആമിർ പാലിക്കുന്നുണ്ടെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്നും മാനേജർ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവർക്ക് നടത്തിയ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കൊവിഡ് നെഗറ്റീവായിരുന്നു.
ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്. തുടര്‍ന്നാണ് ആമിറിനൊപ്പമുള്ള പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.
നേരത്തെ അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, രൺബീർ കപൂർ, താര സുതാരിയ, മനോജ് ബാജ്‌പേയി, സിദ്ദാർത്ഥ് ചതുർവേദി തുടങ്ങിയവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
content highlights: Bollywood star Aamir Khan tests positive for COVID-19