സോളർ: ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

Oommen Chandy

സോളര്‍ പീഡന പരാതിയില്‍ മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്നു ക്രൈംബ്രാഞ്ച്. പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലെന്നാണ് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തല്‍. 2012 ഓഗസ്റ്റ് 19ന് ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. എന്നാൽ അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയതിന് തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ കോള്‍ രേഖകള്‍ ലഭിക്കില്ലെന്നും ക്രൈംബ്രാഞ്ച് കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2018 ലാണ് ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കളെ പ്രതിചേര്‍ത്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണം രണ്ടരവര്‍ഷം പിന്നിട്ടപ്പോള്‍ പരാതിക്കാരിയുടെ ആവശ്യപ്രകാരം സര്‍ക്കാരിത് സിബിഐയ്ക്ക് വിടുകയായിരുന്നു. ഇതിനിടയിലാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറി ടി.കെ. ജോസ് കേന്ദ്രസര്‍ക്കാരിന് അയച്ച കേസിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അഞ്ചുവര്‍ഷമായിട്ടും നടപടിയെടുക്കാത്തത് തന്നെ നിരപരാധിയാണെന്നതിന്റെ തെളിവാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

content highlights: Crime Branch gave clean chit for Oommen Chandy in Solar case