കോവിഡ് ബാധിച്ച് ചെന്നൈയിലെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളി ദമ്പതിമാർ മരിച്ചു. നെസപ്പാക്കത്ത് സ്ഥിരതാമസക്കാരായ പാലക്കാട് കൊല്ലങ്കോട് കാമ്പ്രത്ത് കെ. രവീന്ദ്രൻ (60), ഭാര്യ വന്ദന (52) എന്നിവരാണ് മരിച്ചത്. രവീന്ദ്രൻ ചെന്നൈയിലെ സ്വകാര്യ സർവകലാശാലയുടെ മുൻ പി.ആർ.ഒ. ആണ്. വന്ദന കെ.കെ. നഗറിലെ സ്വകാര്യ സ്കൂളിൽ അഡീഷണൽ വൈസ് പ്രിൻസിപ്പലായിരുന്നു.
മക്കളില്ലാത്ത ദമ്പതികള്‍ തനിച്ചാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്. ഇവർക്ക് ഒരാഴ്ചയിലേറെയായി അസുഖമായിരുന്നു. ബന്ധുക്കൾ ഫോണിൽ വിളിക്കുമ്പോൾ ശാരീരികാസ്വസ്ഥതകളെക്കുറിച്ച് സൂചിപ്പിച്ചിരുന്നെങ്കിലും കാര്യമായ അസുഖമില്ലെന്നാണ് പറഞ്ഞിരുന്നത്. ഏറെ ദിവസമായിട്ടും ഇരുവരെയും പുറത്തേക്കു കാണാഞ്ഞതോടെ സംശയം തോന്നിയ അയൽക്കാർ നോക്കിയപ്പോഴാണ് വീട്ടിനുള്ളിൽ അവശനിലയിലായിരുന്ന ദമ്പതിമാരെ കണ്ടത്.
ആംബുലൻസിൽ ഇരുവരെയും കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ രവീന്ദ്രൻ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് വന്ദന മരിച്ചത്. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിതരായതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ച ശവസംസ്കാരം നടത്തും.
Content Highlights: Malayali couple found dead in Chennai