രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ അതിവേഗ രോഗ വ്യാപനം; 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 68020 കേസുകൾ

india coivd cases rises

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗ വ്യാപനവും മരണനിരക്കും ആദ്യത്തേതിനേക്കാൾ ഉയർന്നു. തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ അത് കഴിയുന്നതോടെ രോഗം വർധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറിൽ 68,020 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ വർഷത്തെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. 291 പേർ മരിച്ചു. രോഗം പുതുതായി സ്ഥിരീകരിച്ചതിൽ 84 ശതമാനവും മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം 40,414 പുതിയ കേസുകളുണ്ടായി. നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,21,808 ആണ്.

കഴിഞ്ഞ ഒറ്റയാഴ്ചയിൽ 1,78,000-ത്തിലധികം പേർ പുതുതായി രോഗ ബാധിതരായി. കഴിഞ്ഞ മാർച്ചിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്തതിനുശേഷം ഒറ്റയാഴ്ചയിൽ ഇത്രയധികം രോഗികൾ ഉണ്ടാവുന്നത് ഇതാദ്യമാണ്. രോഗ വ്യാപനത്തിന്റെ ഈ നിരക്കാണ് ആശങ്കയ്ക്ക് കാരണമാകുന്നത്. കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ രോഗം പുതുതായി ബാധിക്കുന്നവരുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയത് 23 ദിവസങ്ങൾ കൊണ്ടാണ്. എന്നാൽ, രണ്ടാംതരംഗത്തിൽ പത്തു ദിവസങ്ങൾ കൊണ്ടുതന്നെ ദിവസേനയുള്ള രോഗികളുടെ എണ്ണം 30,000-ത്തിൽനിന്ന് 60,000 ആയി. ഇപ്പോൾ ദിവസേന ഈ സംഖ്യ 68,000-ത്തിനു മുകളിലാണ്. നേരത്തേ ഒറ്റദിവസം 98,000 പുതിയ കേസുകൾവരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് രോഗം താഴോട്ടു പോയി. പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് അതിവേഗം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴു വരെയുള്ള കണക്കുപ്രകാരം 6.05 കോടി വാക്സിൻ ഡോസ് വിതരണം ചെയ്തു.

Content Highlights; india coivd cases rises