കായംകുളത്ത് 80 വയസ് കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവര്‍ക്കൊപ്പമെത്തി ക്ഷേമ പെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച വോട്ട് ചെയ്യിക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ വേളയിലാണ് പ്രദേശത്തെ സഹകരണ ബാങ്ക് ജീവനക്കാരന് വോട്ടര്‍ക്ക് പെന്ഷന് നല്കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് യുഡിഎഫ് ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ”രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2500 രൂപയാണ്” എന്ന് പെന്ഷന് കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പോസ്റ്റല്‍ വോട്ടിനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
സംഭവം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു. ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പേജില്‍ ഇതുസംബന്ധിച്ച് പരാതി അറിയിക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ കളക്ടറെ നേരില്‍കണ്ട് പരാതി നല്‍കുമെന്നും യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി നേതാക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കണ്ണൂരിലും തപാല്‍വോട്ട് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണം ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ പോളിംഗ് ഏജന്റുമാരെ അറിയിക്കാതെ ഉദ്യോഗസ്ഥരും ബിഎല്‍ഒയും ഉള്‍പ്പെടുന്നവര്‍ തപാല്‍ വോട്ടിംഗ് നടത്തുന്നതായാണ് പരാതി. പേരാവൂര്‍ മണ്ഡലത്തിലെ മുണ്ടയാപറമ്പില്‍ ഇത്തരത്തില്‍ തപാല്‍ വോട്ട് ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ സണ്ണി ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.
content highlights: UDF complaint against vote canvassing in Kayamkulam