അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രം; തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് കോണ്‍ഗ്രസ്

അസമിലെ ബി.ജെ.പി നേതാവിന്റെ കാറില്‍ നിന്നും വോട്ടിങ് യന്ത്രം കണ്ടെത്തി. അസമിലെ പതര്‍കണ്ടി മണ്ഡലത്തിലെ വോട്ടിങ് യന്ത്രമാണ് ബി.ജെ.പി സ്ഥാനാര്‍ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് ജനങ്ങള്‍ കാര്‍ തടഞ്ഞുനിര്‍ത്തി. സംഭവത്തെ കുറിച്ച് തിരഞ്ഞുടുപ്പ് കമ്മീഷന്‍ അന്വഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അസാമിലെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ ബിജെപി അട്ടിമറി നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

ഇന്നലെയാണ് പതര്‍കണ്ടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് ഒരു വോട്ടിങ് മെഷീന്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഈ മേഖലയില്‍ വലിയ തോതിലുള്ള സംഘര്‍ഷമുണ്ടായി. കൃത്രിമത്തിലൂടെ മാത്രമേ ബിജെപിക്കു ജയിക്കാനാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങള്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇവിഎം മെഷീന്‍ കാറില്‍ നിന്ന് കണ്ടെത്തിയ സംഭവം പ്രചാരണ വിഷയമാക്കുന്നതിനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

content highlights: EVMs Allegedly Found in BJP MLA’s Jeep, ‘Losers’ Says, Cong