സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; പോളിങ് വെെകിട്ട് 7 വരെ

സംസ്ഥാനത്ത് കൃത്യം ഏഴുമണിയോടെ പോളിങ് ആരംഭിച്ചു. ആദ്യ അരമണിക്കൂറില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇ.ചന്ദ്രശേഖരന്‍, ഇ.പി.ജയരാജന്‍, സി. രവീന്ദ്രനാഥ്‌, കടകംപിള്ളി സുരേന്ദ്രന്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്‌നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാര്‍ എസ്‌കെഎംജെ സ്‌കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി.

കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചിരുന്നു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങില്‍ പത്തില്‍ താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്‌കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്‌കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്‌കൂളില്‍ 95-ാം ബൂത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.

പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മേയ് രണ്ടിനാണ് വോട്ടെണ്ണല്‍.

content highlights: Kerala Assembly Election 2021