തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളിൽ പ്രായമുള്ള ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമാകും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സൗജന്യമായിട്ട് വാക്സിന് ലഭിക്കും എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്ന് പണം ഈടാക്കും. ഒരാളില്‍ നിന്ന് ഒരു ഡോസിന് 250 രൂപയായിരിക്കും ഈടാക്കുകയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
‘ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന് നല്‍കുന്നത് ജീവനക്കാര്‍ക്ക് സൗകര്യപ്രദമാണെന്ന് മാത്രമല്ല, യാത്ര കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും.’ കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. വാക്സിന് സ്വീകരിക്കാന്‍ യോഗ്യതയുളള 100 ജീവനക്കാരെങ്കിലും ഉളള ഓഫീസുകളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന് സെഷന് നടത്താമെന്ന് കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ പറയുന്നു. നിലവിലുളള ഒരു വാക്സിനേഷന് സെന്ററുമായി യോജിപ്പിച്ചായിരിക്കണം ഇവിടങ്ങളില്‍ വാക്സിനേഷന് നടത്തേണ്ടതെന്നും നിര്‍ദേശമുണ്ട്.
45 വയസ്സിന് മുകളിലുളള ജീവനക്കാര്‍ക്ക് മാത്രമേ നിലവില്‍ ഓഫീസിലെ കോവിഡ് വാക്സിനേഷന് സെന്ററില്‍ നിന്ന് കുത്തിവെപ്പെടുക്കാന്‍ സാധിക്കൂ. വാക്സിന് എടുക്കണമെന്ന് ആഗ്രഹിക്കുന്ന ജീവനക്കാര്‍ കുത്തിവെപ്പിന് മുന്നോടിയായി കോവിന്‍ പോര്‍ട്ടലില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തൊഴിലിടത്തിലെ ജീവനക്കാര്‍ക്ക് മാത്രം ഓണ്‍-സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
Content Highlights: Covid-19 vaccination now allowed at offices