സംസ്ഥാനത്ത് ഇന്ന് മുതല്‍ പോലീസ് പരിശോധന ശക്തമാക്കും. കോവിഡ് രണ്ടാം തരംഗം തുടങ്ങുന്നതിന്റ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനം. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കോവിഡ് കണക്കുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും മറ്റും കോവിഡ് മാനദണ്ഡങ്ങള്‍ ഭൂരിഭാഗവും പാലിച്ചിട്ടുണ്ടായിരുന്നില്ല. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതിനാലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോര്‍ കമ്മറ്റി യോഗം ചേര്‍ന്നത്.
ഇന്ന് മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് പ്രധാന തീരുമാനം. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ നിലവില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് പോലീസ് പരിശോധന. നടപടിയെടുക്കാൻ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരേയും നിയമിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റ് വ്യാപമാക്കാനും കൂടുതല്‍ പേർക്ക് വാക്‌സിനേഷന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. മററ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും വരുന്നവര്‍ക്ക് നിലവില്‍ ഒരാഴ്ച ക്വാറന്റീന്‍ നിര്‍ബന്ധമാണ്.
content Highlights: Covid Restrictions in Kerala