കോവിഡ് വ്യാപനം രൂക്ഷം; ഇന്ത്യയില്‍ നിന്നുള്ളവർക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസീലന്‍ഡ്‌‌

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ന്യൂസീലന്‍ഡ് താല്‍ക്കാലിക യാത്രാവിലക്കേര്‍പ്പെടുത്തി. ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 28 വരെയാണ് വിലക്ക്. ഇന്ത്യയില്‍ നിന്ന് തിരിച്ചുപോവുന്ന ന്യൂസീലന്‍ഡ് പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ന്യൂസീലന്‍ഡിന്റെ നടപടി.

കര്‍ശന നിയന്ത്രണങ്ങളോടെ യാത്രക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ച് നടപ്പാക്കുമെന്ന് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേൻ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ കോവിഡ് കേസുകളാണ് പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പല സംസ്ഥാനങ്ങളും ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: New Zealand suspends entry for travelers from India over Covid-19 surge