പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാനൊരുങ്ങി തെലങ്കാന സർക്കാർ

കൊവിഡ് നിയന്ത്രണത്തിന്റെ ഭാ​ഗമായി തെലങ്കാനയിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്ക് 1000 രൂപ പിഴ ഈടാക്കാൻ തീരുമാനിച്ച് തെലങ്കാന സർക്കാർ. ഓഫീസുകളിലും  ഈ നിർദേശം ബാധകമാണ്. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. രാജ്യത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധനയെന്നാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നെന്നാണ് രാവിലെ പുറത്തു വന്ന വിവരം. 1,52,879 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേർ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ ആളുകൾ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണം ഉയരുന്നത് പലയിടങ്ങളിലും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. രാജ്യത്ത് പത്ത് കോടിയിലേറെ പേർക്ക് ഇതിനോടകം വാക്സിൻ നൽകുന്നുണ്ടെങ്കിലും ജനങ്ങൾക്കിടയിൽ വാക്സിൻ വിമുഖത തുടരുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത് പ്രകടമാണെന്നും വാക്സിനേഷനൊപ്പം ബോധവത്ക്കരണ പരിപാടികളും ഊർജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപെട്ടു.

Content Highlights; covid telengana government will impose fine rs 1000 on those who do not wear mask