സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; പ്രതിദിന കേസുകൾ പതിനായിരമായേക്കും

kerala covid updates; test positivity rate reaches 10

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 10 ന് മുകളിലെത്തി. ഫെബ്രുവരി മൂന്നിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 നു മുകളിലാകുന്നത്. നാല് ദിവസത്തിനിടെ 19,000 പുതിയ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഈ മാസം 6ന് ചികിത്സയിലുണ്ടായിരുന്നത് 29,962 രോഗികളായിരുന്നു. ഇന്നലെ ഇത് 39,000 കടന്നു. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം പരിശോധന നടത്തുന്നുണ്ട്. അതു കൊണ്ടു തന്നെ വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരും. പ്രതിദിന കേസുകൾ പതിനായിരമാകുമെന്നാണ് വിലയിരുത്തൽ.

പരിശോധന വർധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. ഒപ്പം വാക്സിനേഷൻ ത്വരിതപ്പെടുത്തും. ‘ക്രഷിംഗ് ദ കർവ്’ ബോധവത്ക്കരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മെഗാവാക്സിനേഷന്‍ ക്യാമ്പുകൾ തുടങ്ങാനിരിക്കുകയാണ്. എന്നാൽ, ക്യാമ്പുകൾ തുടങ്ങി രണ്ടുദിവസം കഴിഞ്ഞാൽ വാക്സിൻ സ്റ്റോക്കുണ്ടാകുമോയെന്നാണ് ആശങ്ക. കൂടുതൽ ഡോസ് വാക്സിൻ വേണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights; kerala covid updates; test positivity rate reaches 10