സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

മെയ് മാസത്തില്‍ നടത്താനിരുന്ന സിബിഎസ്ഇ പത്താംതരം പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്ലസ്ടു പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ജൂണ്‍ ഒന്നിന് ശേഷം തീരുമാനമെടുക്കും. ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താതരം വിദ്യാര്‍ഥികളുടെ ഫലപ്രഖ്യാപനം ഉണ്ടാവുക.

ഇന്റേണല്‍ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും പത്താംതരം വിദ്യാര്‍ഥികള്‍ക്ക് പതിനൊന്നാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നല്‍കുക. എന്നാല്‍ ഈ വിലയിരുത്തലില്‍ വിദ്യാര്‍ഥി സംതൃപ്തനല്ലെങ്കില്‍ കോവിഡ് സാഹചര്യം മാറുന്ന മുറയ്ക്ക് വിദ്യാര്‍ഥിക്ക് പരീക്ഷയെഴുതാമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പൊതുപരീക്ഷകള്‍ റദ്ദാക്കുകയോ ഓണ്‍ലൈന്‍ ആയി നടത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പടെയുളളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേര്‍ന്നത്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര എന്നിവര്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

content highlights: CBSE exams canceled