കോവിഡ് വ്യാപനം: ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്‍മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് യുഎസിന്റെ മുന്നറിയിപ്പ്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍ഡ് പ്രിവൻഷൻ (സിഡിസി) ആണു നിർദേശം നൽകിയത്. ‘പൂര്‍ണ്ണമായും വാക്‌സിനേഷന്‍ നടത്തിയവര്‍ക്ക് പോലും കോവിഡ്‌ വകഭേദം പടരുന്നതിന്‌ സാധ്യതയുണ്ട്. അപകസാധ്യത മുന്‍നിര്‍ത്തി ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണം’, യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോണ്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചു.

എല്ലാ യാത്രക്കാരും മാസ്ക് ധരിക്കുകയും മറ്റുള്ളവരിൽനിന്ന് ആറടി അകലം പാലിക്കുകയും കൂട്ടംകൂടൽ ഒഴിവാക്കുകയും കൈകൾ കഴുകുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്’– സിഡിസി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. യുകെ ഇന്ത്യയെ ‘റെഡ് ലിസ്റ്റി’ൽ ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് യുഎസിന്റെ നടപടി.

പുതിയ കൊറോണ വൈറസ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് വെള്ളിയാഴ്ച മുതൽ ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ ബ്രിട്ടൻ തീരുമാനിച്ചത്. ഇതോടെ വെള്ളിയാഴ്ച മുതൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനുമതി ബ്രിട്ടിഷ് പാസ്പോർട്ട് ഉള്ളവർക്കും ബ്രിട്ടനിൽ താമസിക്കാൻ നിലവിൽ അനുമതിയുള്ളവർക്കും മാത്രമായി ചുരുങ്ങും.

Content Highlights: The US advises its citizens to avoid traveling to India