രാജ്യത്ത് പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചു വീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടിപൊടിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ഐപിഎൽ വാർത്തകൾ നൽകുന്നത് നിർത്തിവച്ച് ദേശീയമാധ്യമം. ‘ന്യൂ ഇന്ത്യൻ എക്സ്പ്രസ് ‘ ആണ് ഇന്ന് എഡിറ്ററുടെ കുറിപ്പോടെ ഐപിഎൽ വാർത്തകൾ നൽകുന്നത് താൽക്കാലികമായി നിർത്തുന്നതായി അറിയിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഒരു ചെറു വൈറസ് ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ആഗോള ആരോഗ്യ സംവിധാനത്തിന് മറുപടിയില്ലെന്നു തെളിഞ്ഞതോടെ പതിനായിരങ്ങളാണ് ജീവനായി മല്ലടിക്കുന്നത്. ഇത്തരമൊരു ദുരന്തവേളയിൽ അതീവ സുരക്ഷയൊരുക്കി ഇന്ത്യയിൽ ക്രിക്കറ്റ് മാമാങ്കം തുടരുന്നത് അനുചിതമാണ്. ഈ വാണിജ്യവൽക്കരണം വിവേകമില്ലാത്തതാണ്. കളിയല്ല പ്രശ്നം, കളി നടക്കുന്ന സമയമാണെന്ന്-ഇന്ന് പത്രത്തിന്റെ മുൻപേജിൽ പ്രസിദ്ധീകരിച്ച എഡിറ്ററുടെ കുറിപ്പിൽ പറയുന്നു.
നമ്മളൊരു അഭൂതപൂർവമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്രിക്കറ്റും അംഗീകരിക്കേണ്ടതുണ്ട്. ജീവൻ-മരണ പ്രശ്നങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനുള്ള ഒരു ചെറിയ നീക്കമാണ് തങ്ങളുടേതെന്നും ഒരൊറ്റ ദേശമായി നിശ്ചയ ദാർഢ്യത്തോടെ ഒന്നിച്ചു നിൽക്കേണ്ട് സമയമാണിതെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്. രാജ്യത്ത് സാധാരണനില തിരിച്ചു വരുന്നതുവരെ ഇങ്ങനെത്തന്നെ തുടരുമെന്നും എഡിറ്റർ അറിയിച്ചിട്ടുണ്ട്.
Content Highlights; Indian Premier League under fire for plan to keep playing despite COVID-19 crisis