ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ രാജ്യത്തെ 150 ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളില്‍ പോയ 150 ഓളം ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. അവശ്യസര്‍വീസുകള്‍ക്കടക്കം ഇളവ് നല്‍കിയാകും ലോക്ക്ഡൗണ്‍.

ചൊവ്വാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രാലയം നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തതെങ്കിലും സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം നടപ്പിലാക്കുന്നതിന് കേന്ദ്രത്തിലെ മറ്റ് വകുപ്പുകൾക്ക് ഭിന്നാഭിപ്രായമുണ്ട്.

വ്യാപനം തടയുന്നതിന് അടുത്ത കുറച്ച് ആഴ്ചകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികള്‍ അനിവാര്യമാണെന്ന്  ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ കേരളത്തിലെ പല ജില്ലകളും ഇതില്‍ ഉള്‍പ്പെടും. സംസ്ഥാനത്തെ ആകെ പോസിറ്റിവിറ്റി നിരക്ക് 23.24 ശതമാനമാണ്.

Content Highlights: 150 districts with over 15% positivity rate may go under lockdown