ഓക്‌സിജന്‍ ക്ഷാമം; ഉത്ത‍‍‍‍‍‍‍ർപ്രദേശിൽ ഏഴ് കോവിഡ് രോഗികള്‍ മരിച്ചു

ഓക്‌സിജന്‍ കിട്ടാത്തതിനെ തുടർന്ന് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ രണ്ട് ആശുപത്രികളിലായി ഏഴ് കോവിഡ് രോഗികള്‍ മരിച്ചു. സ്വകാര്യ ആശുപത്രിയായ ആനന്ദിലെ മൂന്ന് രോഗികളും കെ.എം.സി. ആശുപത്രിയിലെ നാലുപേരുമാണ് മരിച്ചത്. ഉത്തര്‍ പ്രദേശില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരുമ്പോഴും സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോദി ആദിത്യനാഥ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതേസമയം മീററ്റിലെ പല ആശുപത്രികളും രോഗികളുടെ ബന്ധുക്കളോട് ഓക്‌സിജന്‍ എത്തിച്ചുകൊടുക്കാന്‍ ആവശ്യപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓക്‌സിജന്‍ ക്ഷാമം തുടരുകയാണെന്ന് ആനന്ദ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുഭാഷ് യാദവ് എന്‍.ഡി.ടി.വിയോട് പ്രതികരിച്ചു. “പ്രതിദിനം നാനൂറ് സിലിണ്ടറുകളാണ് ഞങ്ങള്‍ക്ക് ആവശ്യം. എന്നാല്‍ വെറും 90 സിലിണ്ടറുകളാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ഓക്‌സിജന്‍ നല്‍കേണ്ട ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രവേശിപ്പിക്കാനാകുന്നില്ല”, അദ്ദേഹം പറഞ്ഞു. ഇന്നലെ ഓക്‌സിജന്‍ തീര്‍ന്നതിനാല്‍ അഡ്മിറ്റ് ചെയ്തിരുന്ന മൂന്നുരോഗികള്‍ മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ നാല് രോഗികളെക്കൂടാതെ തിങ്കളാഴ്ച മൂന്ന് രോഗികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നുവെന്ന് കെ.എം.സി. ആശുപത്രി മേധാവി ഡോ. സുനില്‍ ഗുപ്ത പറഞ്ഞു. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി എട്ടുമണി വരെ ആശുപത്രിയില്‍ ഓക്‌സിജന്‍ ഇല്ലായിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നു എങ്കില്‍ രോഗികളെ രക്ഷിക്കാന്‍ സാധിച്ചേനെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlights: 7 COVID Patients Die in Meerut Hospitals Due to Oxygen Shortage