ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികൾ

oxygen shortage in delhi

ഡല്‍ഹിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. ഗംഗാറാം ആശുപത്രിയിലാണ് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായിരിക്കുന്നത്. 24 മണിക്കൂറിനിടെ മരിച്ചത് 25 രോഗികളാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നും വിവരം. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ട് മണിക്കൂര്‍ മാത്രം ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമാണ്. അതേസമയം രോഗലക്ഷണം ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രം പരിശോധന നടത്തിയാല്‍ മതിയെന്ന് ഡല്‍ഹി എയിംസ് പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകണം.

രോഗ ലക്ഷണമില്ലെങ്കില്‍ ആദ്യ പരിശോധനയ്ക്ക് ശേഷം പത്ത് ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം. എയിംസില്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാലാണ് ഈ നടപടി. കൂടാതെ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മെഡിക്കല്‍ ഓക്‌സിജന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത, വാക്‌സിന്‍, ലോക്ക് ഡൗണ്‍ എന്നിവയില്‍ കോടതിയില്‍ നിന്ന് നിര്‍ണായക ഇടപെടലുണ്ടായേക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഇന്ന് വിരമിക്കാനിരിക്കേ വിഷയം പരിഗണിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

Content Highlights; oxygen shortage in delhi