കോവിഡ് കേസുകൾ വർധിക്കുന്ന ജില്ലകളിൽ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര–സംസ്ഥാന സർക്കാർ വകുപ്പുകളുടെ പ്രവർത്തനം അവശ്യ സർവീസിൽ ഒതുക്കും. ഹോട്ടലുകൾക്കു ഹോം ഡെലിവറി മാത്രം നടത്താം. ഹോം ഡെലിവറി നടത്തുന്നവരുടെ വിവരം ശേഖരിച്ച് നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തും.
റേഷൻ കടകളും സിവിൽ സപ്ലൈസ് സ്ഥാപനങ്ങളും പ്രവർത്തിക്കും. ആരാധനാലയങ്ങളിൽ 50 പേർക്കു പ്രാർഥന നടത്താം എന്നത് എല്ലാ ആരാധനാലയങ്ങളുടേയും കാര്യമല്ല. വലിയ സൗകര്യം ഉള്ളിടത്താണ് 50 പേർ. സൗകര്യമില്ലാത്തിടത്ത് ആളുകളുടെ എണ്ണം വീണ്ടും കുറയ്ക്കണം. വിമാനത്താവളത്തിലേക്കു പോകുന്നവർക്കും ട്രെയിൻ യാത്രക്കാർക്കും തടസ്സമുണ്ടാകില്ല. ടെലികോം– ഇന്റർനെറ്റ് സേവനങ്ങൾക്കു തടസ്സമുണ്ടാകില്ല. ബാങ്കുകൾ ഓൺലൈൻ ഇടപാട് കൂടുതൽ നടത്താൻ ശ്രമിക്കണം. ആൾക്കൂട്ടം അനുവദിക്കില്ല. അതിഥി തൊഴിലാളികൾക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിനു തടസ്സമില്ല.
ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ രണ്ടുപേർക്കു യാത്ര ചെയ്യാം. എന്നാൽ, ഇരുവരും രണ്ടു മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ബൈക്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കു ഡോക്ടറോ സ്ഥാപനമോ സ്വയം തയാറാക്കുന്ന സത്യവാങ്മൂലമോ ഹാജരാക്കി അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാം. മാർക്കറ്റിലെ കടകൾ നിശ്ചിത സമയത്ത് തുറക്കുകയും അടക്കുകയും ചെയ്യുന്നുണ്ടെന്നു മാർക്കറ്റ് കമ്മിറ്റികൾ ഉറപ്പാക്കണം.
English Summary: CM Pinarayi Vijayan press meet