സംസ്ഥാനത്തെ നികുതി പിരിവില്‍ പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തേക്കാള്‍ 30,000 കോടിയുടെ കുറവാണ് ഉണ്ടായത്. ജി.എസ്.ടി കുടിശ്ശിക മാത്രം 13000 കോടി രൂപയാണ്. തീര്‍പ്പാക്കാത്ത നികുതി കുടിശ്ശിക ഫയലുകളുടെ എണ്ണം 40,000 കവിയും എന്നാണ് യു.ഡി.എഫ് പുറത്തിറക്കിയ ധവള പത്രത്തിലെ കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും നികുതി പിരിവ് 30 ശതമാനം കണ്ട് വര്‍ധിപ്പിക്കുമെന്നായിരുന്നു ഈ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പ്രഖ്യാപിച്ചത്. എന്നാല്‍ മൂന്ന് വര്‍ഷങ്ങളിലായി ആകെ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് 12 ശതമാനം മാത്രമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നുത്. മൂന്ന് വര്‍ഷങ്ങളിലായി ആകെ പ്രതീക്ഷിച്ചത് 281000 കോടിയും പിരിച്ചെടുത്തത് 250000 കോടി രൂപയുമാണ്. അതായത് പ്രതീക്ഷിച്ച വരുമാനത്തേക്കാള്‍ 30748 കോടി രൂപയുടെ കുറവുണ്ടായത്.
നികുതി കുടിശ്ശിക 10000 കോടി രൂപ കവിഞ്ഞു. ജി.എസ്.ടിക്ക് മുമ്പുള്ള വാറ്റ്, കെ.ജി.എസ്.ടി ഇനങ്ങളിലെ കുടിശ്ശിക മാത്രം 5000 കോടിയുണ്ട് ഇപ്പോള്‍. 2019 മാര്‍ച്ച് വരെയുള്ള കണക്കനുസരിച്ച് ജി.എസ്.ടി കുടിശ്ശിക 13,305 കോടി രൂപ വരെ എത്തി. റവന്യു റിക്കവറി നടത്തി പിരിച്ചെടുക്കേണ്ട കുടിശ്ശിക 7548 കോടി രൂപയാണ്. നികുതി പൊതുമാപ്പ് പദ്ധതിയിലൂടെ 773 കോടി പ്രതീക്ഷിച്ചിടത്ത് കിട്ടിയത് 79 കോടി രൂപ മാത്രം. നികുതി പിരിക്കുന്നിടത്തെ ധനവകുപ്പിന്റെ പിഴവിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് യു.ഡി.എഫ് പുറത്തുവിട്ട ധവള പത്രത്തിലെ കണക്കുകള്‍.വാറ്റ് കുടിശ്ശിക നോട്ടീസ് അയച്ചതില്‍ പാളിച്ച ഉണ്ടായതോടെ നോട്ടീസ് തന്നെ റദ്ദാക്കേണ്ട സാഹചര്യമുണ്ടായി. നികുതി നിര്‍ണയം പൂര്‍ത്തിയാക്കാത്ത 40000ത്തോളം ഫയലുകള്‍ ഉണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തിന് കിട്ടാനുള്ള നികുതിയാണ് ഈ ഫയലുകള്‍ കെട്ടിക്കിടക്കുന്നതിലൂടെ നഷ്ടമാകുന്നത്. ജി.എസ്.ടി നടപ്പാക്കിയ ആദ്യ വര്‍ഷങ്ങളില്‍ മതിയായ പരിശോധന നടത്താത്തതിലൂടെ നികുതി വെട്ടിപ്പ് നടന്നതായും സംശയിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിസഹകരണം മാത്രമല്ല സംസ്ഥാനത്തെ ധനവകുപ്പിന്റെ കെടുകാര്യസ്ഥത കൂടി സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിട്ടുണ്ടെ എന്നാണ് ധവള പത്രം പുറത്തിറക്കിയതിലൂടെ യു.ഡി.എഫ് തെളിയിക്കാന്‍ ശ്രമിക്കുന്നത്.
Content Highlight; Kerala government facing tax fall