മംഗളൂരുവിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയോട് യാത്ര മാറ്റിവയ്ക്കണമെന്ന് മംഗളൂരു പോലീസ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് നോട്ടീസ് അയക്കുകയും ചെയ്തു.
കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവിലേക്ക് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ഇന്ന് സന്ദര്‍ശനം നടത്തുന്നതിനാല്‍ വലിയ സുരക്ഷയാണ് നഗരത്തിലാകെ പോലീസ് ഒരുക്കുന്നത്. അതിര്‍ത്തി പ്രദേശത്ത് കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വാഹനങ്ങള്‍ നഗരത്തിലേക്ക് കടത്തിവിടുന്നത്.
സമരം നടത്താന്‍ സംഘടനകള്‍ അനുമതി ആവശ്യപ്പെട്ടാല്‍ നിഷേധിക്കരുതെന്ന് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കര്‍ണാടക ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അവധി ദിവസമായതിനാല്‍ കൂടുതല്‍ ആളുകള്‍ ഇന്ന് പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്ന കണക്കുകൂട്ടലില്‍ സുരക്ഷ കര്‍ശനമാക്കാനാണ് മംഗളൂരു പോലീസിന് ലഭിച്ച നിര്‍ദേശം.
ടൗണ്‍ ബാങ്ക്, മൈസൂര്‍ സര്‍ക്കിള്‍ എന്നിവയ്ക്ക് പുറമേ പ്രധാനപ്പെട്ട ജില്ലകളിലെല്ലാം കൂടുതല്‍ പോലീസിനെ വിന്യസിച്ച് സംസ്ഥാനത്താകെ സുരക്ഷ കര്‍ശനമാക്കാനാണ് പോലീസ് തീരുമാനം.
Content highlights: siddaramaiah barred from entering Mangalore city till Sunday midnight