കേരളത്തില്‍ തടങ്കല്‍പാളയം നിര്‍മിക്കാന്‍ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു

kerala plans detention centre

പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേരളത്തിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി തടങ്കൽ പാളയം ഒരുങ്ങുന്നതായി മാധ്യമ റിപ്പോര്‍ട്ട്. വിദേശികളായ തടവുകാരെ പാര്‍പ്പിക്കാൻ എന്ന പേരിൽ പുതിയ ജയിൽ തയ്യാറാക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതായും ഇതിനു മുന്നോടിയായി കേരളത്തിലെ ജയിലുകളിലുള്ള വിദേശികളുടെ എണ്ണമെടുക്കാൻ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാന സാമൂഹ്യനീതി വകുപ്പിനാണ് വിദേശ തടവുകാരെ പാര്‍പ്പിക്കാനായി പുതിയ ജയിൽ തയ്യാറാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നതെന്നും കേരളത്തിൽ വെച്ച് പിടിയിലായ വിദേശപൗരന്മാരുടെയും വിവിധ കേസുകളിൽ പ്രതിയായിട്ടുള്ള  നാടുകടത്താനായി ഉത്തരവിട്ട ശേഷം കാത്തിരിക്കുന്ന വിദേശ തടവുകാരുടെയും വിവരങ്ങളാണ് സര്‍ക്കാര്‍ ശേഖരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

തടവുകാരുടെ എണ്ണത്തിനനുസരിച്ച് പുതിയ കെട്ടിടം നിര്‍മിക്കാനോ വാടകയ്ക്കെടുക്കാനോ ആണ് പദ്ധതി. പൗരത്വ രജിസ്റ്ററിന്‍റെ പേരിൽ ‘അനധികൃത കുടിയേറ്റക്കാര്‍ക്കായി’ വിവിധ സംസ്ഥാനങ്ങളിൽ തടങ്കൽ പാളയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വിവാദമാകുന്ന പശ്ചാത്തലത്തിലാണ് കേരളത്തിന്‍റെ ഈ നീക്കം ശ്രദ്ധേയമായത്.

നാടുകടത്തേണ്ട വിദേശ കുറ്റവാളികള്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമായി തടങ്കൽ പാളയങ്ങള്‍ നിര്‍മിക്കാൻ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശവും അതുമായി ബന്ധപ്പെട്ട മാതൃകാ തടങ്കൽ പാളയത്തിന്‍റെ രൂപരേഖ സംബന്ധിച്ച മാനുവലും കേന്ദ്രസര്‍ക്കാര്‍ 2019ന്‍റെ തുടക്കത്തിൽ വിതരണം ചെയ്തിട്ടുണ്ട്.

രാജ്യത്ത് അനധികൃതമായി പ്രവേശിച്ചവര്‍, വിസയുടെയും പാസ്പോര്‍ട്ടിന്‍റെയും കാലാവധി തീര്‍ന്ന ശേഷവും രാജ്യത്ത് തുടരുന്നവര്‍, വിചാരണ നേരിടുന്ന വിദേശ തടവുകാര്‍, ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം നാടുകടത്താനായി കാത്തിരിക്കുന്ന വിദേശ തടവുകാര്‍ എന്നിവര്‍ക്കായാണ് പുതിയ തടങ്കൽ പാളയം തയ്യാറാകുന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.

Content highlight; Kerala plans detention centre