ഹവായി ദ്വീപസമൂഹങ്ങളിലെ ഒറ്റപ്പെട്ടതും വിദൂരവുമായ ദ്വീപിലേക്കു പുറപ്പെട്ട ഹെലികോപ്ടർ തകർന്നു വീണു. രണ്ടു കുട്ടികളുമടക്കം ഏഴു യാത്രക്കാരുമായി പോയ ഹെലികോപ്ടറാണു കവായി ദ്വീപിൽ തകർന്നുവീണത്. ആറു പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത നിലയിലാണ്.
1997ൽ ‘ജൂറാസിക് പാർക്ക്’ സിനിമാ സീരീസിലെ ലോസ്റ്റ് വേൾഡ് ചിത്രീകരിച്ച ഹവായിയിലെ ഏറ്റവും വിദൂരതയിലുള്ള ന പാലി തീരമേഖലയിലേക്കായിരുന്നു യുറോകോപ്ടർ എഎസ്350 യാത്ര പുറപ്പെട്ടത്. സഫാരി ഹെലികോപ്ടേഴ്സ് കമ്പനിക്കു കീഴിലായിരുന്നു ടൂറിസ്റ്റുകളുടെ യാത്ര. വ്യാഴാഴ്ച വൈകിട്ട് നിശ്ചയിച്ചതിലും അരമണിക്കൂർ കഴിഞ്ഞിട്ടും കോപ്ടറിനെപ്പറ്റിയുള്ള വിവരമൊന്നും ലഭിക്കാതായതോടെ കമ്പനി തീരരക്ഷാ സേനയെ അറിയിച്ചു. തുടർന്നുണ്ടായ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുത്തനെയുള്ള മലനിരകളും പ്രക്ഷുബ്ധമായ കടലും മഞ്ഞും മണിക്കൂറില്‍ 45 കി.മീ വേഗത്തിൽ ശക്തമായ കാറ്റും മഴയുമെല്ലാം തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഹവായിയിലെ തന്നെ വൈമിയ മലയിടുക്കിൽ നിന്ന് വ്യാഴം വൈകിട്ട് 4.40നായിരുന്നു പൈലറ്റിൽ നിന്നുള്ള അവസാന സന്ദേശം കമ്പനിക്കു ലഭിച്ചത്. അപകടത്തിൽപ്പെട്ടാൽ ഓട്ടോമാറ്റിക്കായി ഓഡിയോ സന്ദേശം നൽകുന്ന എമർജൻസി ഇലക്ട്രോണിക് ലൊക്കേറ്റർ വിമാനത്തിലുണ്ടെങ്കിലും സിഗ്നലുകളൊന്നും അയച്ചിരുന്നില്ല. തീരരക്ഷാ സേനയ്ക്കൊപ്പം നാവികസേനയുടെ ഹെലികോപ്ടറും പ്രാദേശിക അഗ്നിരക്ഷാ സേനയും പ്രദേശത്തെ ഹെലികോപ്ടർ കമ്പനികളും തിരച്ചിലിനായി രംഗത്തുണ്ട്.
ജൂറാസിക് പാർക് സിനിമ ചിത്രീകരിച്ചിട്ടുള്ളതുകൊണ്ടും മനുഷ്യവാസമില്ലാത്ത ഇവിടം കുത്തനെയുള്ള മലനിരകളും അവയ്ക്കിടയിലെ വെള്ളച്ചാട്ടങ്ങളും ടൂറിസ്റ്റുകളെ ആകർഷിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഹവായിയിലെ ന പലി.
Content highlight; tour helicopter vanishes in Hawaii with 7 onboard