ജാര്‍ഖണ്ഡിൻ്റെ 11-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. ജാര്‍ഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാമേശ്വര്‍ ഒറൗൺ, മുതിര്‍ന്ന ജെഎംഎം നേതാവായ സ്റ്റീഫൻ മാറാണ്ടി എന്നിവരുടെയും സത്യപ്രതിജ്ഞ ഇന്നു നടക്കും.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഹേമന്ത് സോറൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജാര്‍ഖണ്ഡിൽ ജെഎംഎം-കോൺഗ്രസ്-ആര്‍ജെഡി സഖ്യം സുസ്ഥിരമായ സർക്കാർ രൂപീകരിക്കുമെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ഡിസംബര്‍ 24 നായിരുന്നു സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ഹേമന്ത് സോറൻ നേതൃത്വം നൽകുന്ന മഹാസഖ്യം ഗവര്‍ണറെ സന്ദര്‍ശിച്ചത്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എസ്‍പി നേതാവ് അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛ്ത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, സിപിഐ നേതാവ് കനയ്യ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തേക്കും. മുൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്
Content highlight; Hemant Soren to take oath as Jharkhand chief minister today