അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളും സ്ഥിതിഗതികളും വിലയിരുത്തുന്നതിനായി സൗദി അറേബ്യ ഇസ്ലാമിക് രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കാന്‍ ഒരുങ്ങുന്നു. ഒ.ഐ.സി അംഗ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലുണ്ടായ ഭിന്നത മുതലെടുത്ത് പാകിസ്ഥാന് നടത്തിയ കരുനീക്കമാണ് കശ്മീര്‍ വിഷയത്തില്‍ പ്രത്യേക യോഗം വിളിച്ചു കൂട്ടാന്‍ സൗദിയെ പ്രേരിപ്പിച്ചത് എന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ നിഗമനം.
സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്ഹാന് അല്‍ സഊദ് രാജകുമാരന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയുമായി ഇസ്ലാമാബാദില് വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീര്‍ വിഷയത്തില്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ പൗരത്വ നിയമഭേദഗതിക്ക് ശേഷമുള്ള സാഹചര്യവും പാകിസ്ഥാന് ചര്‍ച്ചയാക്കും എന്നാണ് സൂചന. സൗദി വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയത്തിന് പുറമെ ഇന്ത്യയിലെ പൗരത്വഭേദഗതി നിയമവും എന്‍.ആര്.സിയും ചര്‍ച്ച ചെയ്തതായി ഖുറേഷി പറഞ്ഞു. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിലൂടെ ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണ് കരുതുന്നത്.
Content Highlight; Saudi planning oic meeting to discuss situations in Jammu and Kashmir