സന്യാസിയുടെ പരിശ്രമങ്ങളെ തടസപ്പെടുത്തിയാൽ ശിക്ഷിക്കപ്പെടും; ഭീഷണിയുമായി യോഗി ആദിത്യനാഥ്

yogi adithyanath

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു സന്യാസിയുടെ പൊതുജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ ആരെങ്കിലും തടസ്സപ്പെടുത്തിയാല്‍ ശിക്ഷിക്കപ്പെടുമെന്നും രാഷ്ട്രീയം പാരമ്പര്യമായി ലഭിച്ചവര്‍ക്കും ആരെയെങ്കിലും പ്രീതിപ്പെടുത്താൻ മാത്രം രാഷ്ട്രീയം പിന്തുടരുന്നവര്‍ക്കും സേവനം എന്ന ആശയം മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്നും യോഗി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. ‘ഭഗ്‌വാ മേം ലോക് കല്യാൺ’ ( പൊതുജന നന്മ കാവിയിലൂടെ) എന്ന ഹിന്ദി ഹാഷ്ടാഗോടെയായിരുന്നു യോഗിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ നടപടിയെ വിമർശിച്ച് പ്രിയങ്കഗാന്ധി  രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിനെതിരെ വിമർശനം ഉന്നയിച്ചത്. യുപിയുടെ മുഖ്യമന്ത്രി തന്നെയാണ്  പ്രതിഷേധകരെ തടവിലാക്കുന്നതും അവരുടെ വസ്തുവകകള്‍ പിടിച്ചെടുക്കുന്നതും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതെന്ന് പ്രിയങ്ക ആഞ്ഞടിച്ചിരുന്നു. യോഗി ആദിത്യ നാഥിന് കാവി ചേരില്ലെന്നായിരുന്നു പ്രിയങ്കയുടെ വിമർശനം. കാവി ധരിച്ചുകൊണ്ട് അക്രമത്തിനും ഹിംസയ്ക്കും യോഗി നേതൃത്വം നൽകുകയാണ്. ഇന്ത്യയുടെ ധാർമിക മൂല്യത്തിന്റെ പ്രതീകമാണു കാവി. അത് യോഗി ആദിത്യനാഥിന് ചേരില്ലെന്നുമായിരുന്നു പ്രിയങ്കയുടെ രൂക്ഷ വിമർശനം. 

content highlights : yogi adityanath cm office tweets warning on priyanka gandhi saffron clothes remark