ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ ക്രമസമാധാനനില മെച്ചപ്പെട്ടതായി കരസേന മേധാവി

Manoj Mukund Navarone

ആർട്ടിക്കിൾ 370 റദ്ദാക്കിയ ആഗസ്റ്റ് അഞ്ചിന് മുമ്പുള്ള അവസ്ഥയും ശേഷമുള്ള അവസ്ഥയും പരിശോധിച്ചാൽ കശ്മീരിൽ അക്രമങ്ങൾ കുറഞ്ഞതായും ക്രമസമാധാന നില മെച്ചപ്പെട്ടതായും കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. കല്ലേറ്, തീവ്രവാദി അക്രമങ്ങൾ തുടങ്ങിയവയിൽ ഗണ്യമായ കുറവുണ്ടായതായി വ്യക്തമാണെന്ന് നരവനെ പറഞ്ഞു.

ആഗസ്റ്റിന് ശേഷം കല്ലെറിയൽ സംഭവങ്ങളിൽ 45 ശതമാനം കുറവുണ്ടായെന്ന് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. 2019ൽ ആകെ 544 കല്ലെറിയൽ അക്രമങ്ങളാണ് നടന്നത്. ഇതിൽ ആഗസ്റ്റ് അഞ്ചിന് ശേഷം നടന്നത് 190 എണ്ണം മാത്രമാണെന്നാണ് കേന്ദ്ര സർക്കാറിന്‍റെ കണക്ക്.

അതേസമയം, മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമായ ഫാറൂഖ് അബ്ദുല്ല എം.പി, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവർ തടങ്കലിൽ തുടരുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്. ഇവരെ എന്ന് മോചിപ്പിക്കുമെന്ന കാര്യത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കിയിട്ടില്ല. വിഘടനവാദം തടയുന്നതിന് മുൻകരുതലായാണ് നേതാക്കളെ തടവിലാക്കിയതെന്നും അനുയോജ്യമായ സമയത്ത് മോചിപ്പിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

Content highlights: army commander Manoj Mukund Navarone says law and order situations in Kashmir has improved after article 370 was repealed