നൂറ്റാണ്ടിൻറെ കൊടും തണുപ്പിൽ ഡൽഹി തണുത്ത് വിറക്കുമ്പോൾ കേരളം ചൂടേറ്റ് പൊള്ളുകയാണ്. 20 വർഷം പരിശോധിച്ചാൽ കേരളത്തിൽ നിന്ന് തണുപ്പ് അകലുന്ന സ്ഥിതിയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. അഗ്നി പർവത വിസ്ഫോടനത്തിൻറെ ഫലമായി കഴിഞ്ഞ വർഷം ഡിസംബറിൽ തണുപ്പ് വല്ലാതെ കേരളത്തെ അലട്ടിയിരുന്നില്ല. ഹൈറേഞ്ചുകളിൽ ഒഴിച്ച് തണുപ്പില്ലാത്ത സാഹചര്യമായിരുന്നു ഡിസംബറിൽ.
മൂന്നാറിൽ ഒമ്പത് ഡിഗ്രി സെൽഷ്യസിലേക്ക് ഒരുഘട്ടത്തിൽ തണുപ്പ് എത്തിയെങ്കിലും പിന്നീടങ്ങോട്ട് അതും മാറി. വയനാട്ടിലും ഇടുക്കിയും തണുപ്പുണ്ടെങ്കിലും രാവിലെ കനത്ത ചൂടിലേക്ക് മാറുന്ന സാഹചര്യമാണുള്ളത്. ഇടനാട്ടിലും തീരമേഖലകളിലും തണുപ്പ് തീരെ ഇല്ലാത്ത സ്ഥിതിയുമാണ്.
ഡിസംബർ മുതൽ ഫെബ്രുവരി വരെ ശൈത്യമാസങ്ങളാണ്. എന്നാൽ, ഡിസംബറിൽ തന്നെ ഇക്കുറി ചൂട് കൂടി. ജനുവരിയും സമാനമാണ്. ഈ മാസം അവസാനത്തോടെ രാത്രി ചൂടും വർധിക്കാനാണ് സാധ്യത. ഡിസംബർ, ജനുവരി മാസങ്ങളിൽ തണുപ്പ് അകന്നു നിന്നാൽ ഫെബ്രുവരിയിൽ തണുപ്പ് തീരെ പ്രതീക്ഷിക്കേണ്ടന്നാണ് കലാവസ്ഥ വ്യതിയാന ഗവേഷകർ പറയുന്നത്.
രണ്ടുമാസമായി മഴ മാറിനിൽക്കുകയാണ്. ഒക്ടോബർ ആദ്യഘട്ടത്തിൽ ലഭിച്ച മഴയുടെ പിൻബലത്തിൽ 462ന് പകരം 627 മില്ലീമീറ്റർ മഴയാണ് ലഭിച്ചിട്ടുള്ളത്. അതായത് 27 ശതമാനം അധിക മഴ. ഇടുക്കി, കൊല്ലം ജില്ലകളിൽ ശരാശരിയും മറ്റു ജില്ലകളിൽ അധിക മഴയുമാണ് രേഖപെടുത്തിയിരിക്കുന്നത്. നവംബർ, ഡിസംബർ മാസങ്ങളിൽ മഴ വളരെ കുറവാണ് ലഭിച്ചത്. മഴ വിട്ടുനിന്നതിന് പിന്നാലെ മഞ്ഞും ഇല്ലാത്ത സാഹചര്യമായി. നിലവിലെ സാഹചര്യത്തിൽ ശൈത്യമാസങ്ങൾ കേരളത്തിന് അന്യമാവുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.
Content highlight: winter season may be lost from Kerala