പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബംഗാളി ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും

Bengali filmmakers

പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ബംഗാളി കലാകാരന്‍മാര്‍ ഒന്നിച്ച്‌ അണിനിരന്നു. അഭിനേതാക്കളും സംവിധായകരും സംഗീതജ്ഞരും അണിനിരന്ന വീഡിയോയിലൂടെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അരങ്ങേറിയത്. പൗരത്വം തെളിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്ന ഒരു രേഖയും തങ്ങള്‍ ഹാജരാക്കില്ലെന്നാണ് പുറത്തുവിട്ട വീഡിയോയിലൂടെ താരങ്ങള്‍ വ്യക്തമാക്കിയത്. ‘ഒരു രേഖയും കാണിക്കില്ലെന്ന്’ ബംഗാളി ഭാഷയില്‍ കലാകാരന്മാര്‍ പ്രഖ്യാപിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അഭിനേതാക്കളായ ധ്രിതിമാന്‍ ചാറ്റര്‍ജി, സബ്യാസാച്ചി ചക്രവര്‍ത്തി, കൊങ്കണ സെന്‍ ശര്‍മ്മ, നന്ദന സെന്‍, സ്വസ്തിക മുഖര്‍ജി, സംവിധായകന്‍ സുമന്‍ മുഖോപാധ്യായ, ​ഗായകന്‍ രുപം ഇസ്ലാം തുടങ്ങിയ പന്ത്രണ്ടോളം പ്രമുഖര്‍ വ്യക്തിത്വങ്ങള്‍ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ അണിനിരന്നത്. നേരത്തേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. ടിംപിള്‍ ഖന്ന, സ്വര ഭാസ്‌കര്‍, അനുരാഗ് കശ്യപ്, ദീപിക പദുക്കോണ്‍, തപ്‌സി പന്നു എന്നിങ്ങനെ നിരവധി താരങ്ങളാണ് പ്രതിഷേധിച്ച് രംഗത്ത് എത്തിയത്.

മലയാള സിനിമാ മേഖലയില്‍ നിന്ന് പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത്, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ്, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ വലിയ താര നിര തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ തങ്ങള്‍ അസ്വസ്ഥരാണ്. പൗ​രത്വ ഭേദ​ഗതിക്കും പൗരത്വം രജിസ്റ്ററിനുമെതിരെ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും, ഏറ്റവും ഫലപ്രദമായി ജനങ്ങളിലേക്ക് ഇത് എത്തിക്കാന്‍ കഴിയുമെന്നതിനാലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധ സൂചകമായി വീഡിയോ പങ്കുവച്ചതെന്നും താരങ്ങള്‍ പറഞ്ഞു.

Content Highlights: Bengali filmmakers and artists protests against CAA