2020 ലെ ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജി സാറ്റ്-30 വിക്ഷേപിച്ചു

GSAT-30

ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയാൻ-5 റോക്കറ്റാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിലെത്തിച്ചത്.

ആശയവിനിമയ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യം മുൻനിർത്തി ടെലിവിഷൻ, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ജിസാറ്റ്-30 വിക്ഷേപണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യക്ക് പുറമെ ഏഷ്യൻ രാജ്യങ്ങൾക്കും ജിസാറ്റ്-30ന്‍റെ നേട്ടങ്ങൾ ലഭ്യമാകും. വാർത്താവിനിമയ രംഗത്ത് കൂടുതൽ കവറേജ് ലഭിക്കുകയും ചെയ്യും.

ഏരിയൻ-5ന്‍റെ 24ാമത്തെയും ഈ വർഷത്തെ ആദ്യത്തെയും വിക്ഷേപമാണിത്. 2005 ഡിസംബറിൽ വിക്ഷേപിച്ച ഇൻസാറ്റ് 4 എ ഉപഗ്രഹത്തിന് പകരമായാണ് ജിസാറ്റ് 30ന്‍റെ സേവനം ലഭിക്കുക. ഡിടിഎച്ച്, ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് അപ്‌ലിങ്കിങ്, ഡിഎസ്എന്‍ജി, ഇന്റര്‍നെറ്റ് സേവനങ്ങളാണ് ജിസാറ്റ് 30 ലക്ഷ്യമിടുന്നത്. 15 വർഷത്തെ പ്രവർത്തനമാണ് ജിസാറ്റ് 30ൽ പ്രതീക്ഷിക്കുന്നത്.

Content highlights: India’s telecommunication satellite gsat-30 was successfully launched