കോട്ടയം സിഎംഎസ് കോളേജില്‍ വിദ്യാർത്ഥി സംഘർഷം. രണ്ട് വിദ്യാര്‍ഥികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐക്കെതിരെ ക്യാംപസിലെ മറ്റ് കുട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ ക്യാംപസില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. ഫിസിക്സ് വിഭാഗം വിദ്യാര്‍ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. വിദ്യാർഥികളെ പിരിച്ചുവിടാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞ ദിവസം രണ്ട് കെഎസ്യു പ്രവര്‍ത്തകരെ എസ്എഫഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് കെഎസ്യു പ്രവര്‍ത്തകരുടെ ആരോപണം. സിഎംസ് കോളേജ് ഗേറ്റിന് മുന്നിൽ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ സമരക്കാര്‍ ഗേറ്റ് അടച്ചത്തോടെയാണ് കോളേജിന് മുന്നിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി. പത്തോളം വരുന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗേറ്റ് തള്ളിക്കയറാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികള്‍ തടഞ്ഞു. ഇപ്പോഴും ക്യാംപസ് ഗേറ്റില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
കോളേജ് ടൂറുമായി ബന്ധപ്പെട്ടുണ്ടായ ചിലവിഷയങ്ങളും പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. പെണ്‍കുട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. കോളേജിന്റെ പുറത്ത് നിന്നെത്തിയവരാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും ഇവര്‍ കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും എസ്എഫ്ഐ പ്രവര്‍ത്തകരല്ലെന്നും കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.
കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികള്‍ ക്യാപംസിനികത്തുണ്ടെന്നും പ്രതിഷേധത്തിന് പിന്നില്‍ അവരാണന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ മയക്കുമരുന്നു കഞ്ചാവും ഉപയോഗിക്കുന്നവരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് എസ്എഫ്ഐ ചെയ്യുന്നത്. മറ്റ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളേയും കൂട്ടിയാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാംപസിലേക്കെത്തിയതെന്ന് അധ്യാപകര്‍ ആരോപിച്ചു.
ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി എത്തിയതോടെ ക്യാമ്പസിൽ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.
Content highlights: students protest against sfi in Kottayam cms college