കേരളത്തില്‍ ലവ് ജിഹാദെന്ന് ആവര്‍ത്തിച്ച് ക്രൈസ്തവ സഭ മുന്നോട്ട് വന്ന സാഹചര്യത്തിൽ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. ഐഎസിലേക്ക് പോലും ക്രൈസ്തവ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ അധികൃതര്‍ അടിയന്തര നടപടി എടുക്കണമെന്ന് ക്രൈസ്തവ സഭ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയുണ്ടായി. അതിരൂപതയിലെ ഭൂരിപക്ഷം പള്ളികളിലും ഇടയലേഖനം വായിച്ചില്ല. ക്രൈസ്തവ പെണ്‍കുട്ടികളെ ഉള്‍പ്പെടെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തില്‍ നടക്കുന്നുണ്ടെന്നും ഐഎസിലേയ്ക്ക് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെണ്‍കുട്ടികളില്‍ പകുതിയും ക്രൈസ്തവരായിരുന്നെന്നും സിറോ മലബാര്‍ സഭ തങ്ങളുടെ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.
സിനഡ് തീരുമാനങ്ങള്‍ അറിയിക്കാന്‍ വായിച്ച ഇടയലേഖനത്തിൻറെ മൂന്നാമത്തെ കാര്യമായാണ് ലൗ ജിഹാദ് പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു. ആയതിനാൽ ലൗ ജിഹാദിനെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവത്കരിക്കുമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു.
ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്തെത്തിയിരുന്നു.
Content highlights: Syro Malabar church epistle says that Christian girls are recruiting to IS