കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി

Armed Maoists march at Kannur

കണ്ണൂരിൽ സായുധരായ മാവോയിസ്റ്റുകൾ പ്രകടനം നടത്തി. കൊട്ടിയൂർ അമ്പായത്തോടിൽ ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഘം പ്രകടനം നടത്തിയത്. ഒരു സ്ത്രീയടക്കം നാലംഗ സംഘമാണ് പ്രകടനം നടത്തിയത്. പ്രകടനത്തിന് മുന്നോടിയായി രാവിലെ ആറ് മണിയോടെ ടൗണിലെത്തിയ സംഘം സ്ഥലത്തെത്തി പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തു. ബസ് ജീവനക്കാര്‍ക്കാണ് ഇവര്‍ ലഘുലേഖ കൈമാറിയത്. മാവോയിസ്റ്റ് സംഘത്തിൽ മലയാളം സംസാരിക്കുന്നവരുമുണ്ടെന്നാണ് വിവരങ്ങള്‍.

കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തിയ സംഘം പ്രകടനം നടത്തിയശേഷം വനത്തിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. അട്ടപ്പാടിയില്‍ ചിതറിയ രക്തത്തിന് പകരം വീട്ടുക, ഈ രക്തത്തിന് കണക്ക് പറയേണ്ടവര്‍ മോദി – പിണറായി കൂട്ടുകെട്ട് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മാവോയിസ്റ്റുകൾ ഉയർത്തിത്.

തിരിച്ചടിക്കാന്‍ സായുധരാവുക എന്ന ആഹ്വാനവും പോസ്റ്ററുകളിലുണ്ട്. ‘ഓപ്പറേഷൻ സമാധാനി’നെതിരെയാണ് പോസ്റ്ററുകളിലെ പ്രധാന വിമർശനം. ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ ദൗത്യമാണ് ഓപ്പറേഷന്‍ സമാധാന്‍ എന്ന സൈനിക കടന്നാക്രമണ യുദ്ധത്തിലൂടെ മോദി നടപ്പിലാക്കുന്നതെന്ന് പോസ്റ്ററില്‍ പറയുന്നു.

സ്ഥലത്ത് വലിയ രീതിയിലുള്ള തിരച്ചില്‍ നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെയും സായുധ മാവോയിസ്റ്റ് സംഘം എത്തുകയും പ്രകടനം നടത്തുകയും ചെയ്‍തിരുന്ന പ്രദേശമാണ് അമ്പായത്തോട്.

‘ഓപ്പറേഷൻ സമാധാൻ ജനങ്ങൾക്കെതിരായ യുദ്ധം ചെറുക്കുക, പരാജയപ്പെടുത്തുക’ എന്ന തലക്കെട്ടിലുള്ള ലഘുലേഖയാണ് ഇവർ അമ്പായത്തോടിൽ വിതരണം ചെയ്തത്. ജനുവരി 31 ന് പ്രഖ്യാപിച്ച സമാധാന്‍ വിരുദ്ധ ഭാരത് ബന്ദ് വിജയിപ്പിക്കുക എന്ന ആഹ്വാനവും പോസ്റ്ററുകളിലുണ്ട്.

Content highlights: Armed Maoists march at Kannur