എയര്‍ ഇന്ത്യയെ മൊത്തമായി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

central government to sale air india

എയർ ഇന്ത്യയുടെ ഭൂരിഭാഗം ഓഹരികളും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ വിമാന കമ്പനിയുടെ ഓഹരികള്‍ മുഴുവനും വിൽക്കാന്‍ പദ്ധതിയിട്ട് കേന്ദ്ര സർക്കാർ. ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ പ്രവർത്തിക്കുന്ന എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വിൽക്കുമെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ച്ചയായി നഷ്ടം നേരിടുന്ന സാഹചര്യത്തിൽ സ്ഥാപനം അടച്ച് പൂട്ടൽ നടപടികളിലേക്ക് വരെ എത്തിയ സ്ഥിതിയിലാണ് മുഴുവൻ ഓഹരികളും വിറ്റഴിക്കുകയെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയർ ഇന്ത്യ പ്രവർത്തിക്കുന്നത്.

വിമാന കമ്പനിയെ വാങ്ങാനുള്ള പ്രാരംഭ താത്പര്യങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് 17 ന് അവസാനിക്കും. ഇന്ത്യയില്‍ തന്നെയുള്ള ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ വില്‍ക്കാനാണ് സര്‍ക്കാരിന് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എയര്‍ ഇന്ത്യയില്‍ താല്‍പ്പര്യമുള്ള വിദേശികള്‍ക്കുള്ള വില്‍പ്പന സാധ്യത കുറവായിരിക്കും. 2018 ൽ, ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിൽക്കാനും ഇതുവഴി കട ബാധ്യതയുടെ 5.1 ബില്യൺ ഡോളർ വരുന്ന ഭാരം ഇറക്കിവെക്കാനും സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.

Content Highlights: central government to sale air india